സീരിയലിനോട് പരമ പുച്ഛമുള്ളവർക്കായി ഒരു കുറിപ്പ് : സീരിയലുകൾ എന്തുകൊണ്ട് മാറ്റമില്ലാതെ തുടരുന്നു തുറന്നു പറഞ്ഞു ശരത് സത്യാ

Advertisement

കേരളത്തിലെ ബഹുഭൂരിപക്ഷം കുടുംബ പ്രേക്ഷകരുടെയും ഇഷ്ട്ട ടെലിവിഷൻ പ്രോഗ്രാമുകൾ ആണ് മെഗാ സീരിയലുകൾ. എന്നും വിമർശിക്കപ്പെടുന്ന ഒരു കൂട്ടം കലാകാരന്മാർ ആണ് സീരിയൽ ആർട്ടിസ്റ്റുകൾ. പൊതുവേ കുടുംബ കലഹവും അടിപിടിയും അവിഹിതവും മറ്റുമാണ് സീരിയലുകളിൽ അധികവും പ്രതിപാദ്യ വിഷയം എന്നതുകൊണ്ടാകാം ഇതു പലപ്പോഴും സിനിമയെയും സീരിയലിനെയും താരതമ്യപ്പെടുത്തി ട്രോളുകളും പോസ്റ്റുകളുമൊക്കെ നമുക്ക് സോഷ്യൽ ഇടങ്ങളിൽ കാണുവാൻ കഴിയും.ഇപ്പോൾ നിരന്തരം സീരിയലുകൾ നേരിടുന്ന അവഹേളനങ്ങൾക്കും സീരിയൽ ആർട്ടിസ്റ്റുകൾ സമൂഹത്തിൽ നേരിടുന്ന തരാം താഴ്ത്തലുകൾക്കും അവഹേളനങ്ങൾക്കും സീരിയൽ എന്ത് കൊണ്ട് മാറ്റമില്ലാതെ തുടരുന്നു എന്നുള്ളതിനു ഉത്തരം പറയുകയാണ് സിനിമ സീരിയൽ രംഗത് സഹ സംവിധായകനായി പ്രവർത്തിക്കുന്ന ശരത് സത്യാ.

സീരിയലിനെ പുച്ഛിക്കുന്നവര്‍ക്ക് മാത്രമുള്ള പോസ്റ്റ്. ഞാന്‍ ശരത് സത്യ. കഴിഞ്ഞ 7വര്‍ഷമായി സിനിമ സീരിയല്‍ രംഗത്ത് സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നു. കൂടുതലും സീരിയലാണ് ചെയ്യുന്നത്. കാലങ്ങളായി സീരിയല്‍ രംഗത്ത് കേട്ട് വരുന്ന ഒരു അപവാദമാണ് ഇപ്പൊ ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്. കുറെയായി ഈ വിഷയം സംസാരിക്കണം എന്ന് വിചാരിക്കുന്നു. കാര്‍ത്തികേയന്റെ ഭാഷ കടമെടുത്താല്‍ ‘കുറച്ച് ബിസിയായിരുന്നു ടൈം കിട്ടിയില്ല. ഇപ്പൊ ഏതായാലും അടച്ചു പൂട്ടി വീട്ടിലിരിക്കുകയാണല്ലോ അപ്പൊ ചുമ്മാ അങ്ങ് പറഞ്ഞേക്കാം എന്ന് കരുതി. എന്റെ അടുത്ത കുറച്ച് സുഹൃത്തുക്കള്‍ പലപ്പോഴായി എന്നോട് ചോദിച്ചിട്ടുണ്ട് ‘നിനക്കീ സീരിയല്‍ വിട്ടിട്ട് സിനിമ വര്‍ക്ക് ചെയ്തൂടെ’ അപ്പോഴൊക്കെ അവര്‍ക്കു ബോധ്യമായോ എന്നറിയില്ല പക്ഷെ എനിക്ക് തൃപ്തികരമായ ഒരു മറുപടി ഉണ്ടായിരുന്നു. ഇന്നും ഉണ്ട്.

സീരിയലില്‍ വര്‍ക്ക് ചെയ്യുന്ന എല്ലാ സംവിധാന സഹായികളും സഹസംവിധായകരും എന്റെ എന്റെ ആത്മ മിത്രങ്ങളാണ്. അവരുടെയൊക്കെ സ്വപ്നം സിനിമ തന്നെയാണ്. പിന്നെ സീരിയലില്‍ തന്നെ തുടരുന്ന കാര്യം പറയാം. മലയാളത്തില്‍ എഴോളം സിനിമകള്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും കൃത്യമായ വേതനം കിട്ടിയിട്ടില്ല എന്നതാണ് സത്യം. സീരിയലില്‍ ആവുമ്പോ മാസം അക്കൗണ്ടില്‍ കൃത്യമായി പൈസ വരും (വരാത്ത വര്‍ക്കും ഉണ്ട്. അതിനെതിരെ സമരം ചെയ്ത് വീട്ടിലിരിക്കേണ്ട ഗതികേടും ഉണ്ടായിട്ടുണ്ട്.)സിനിമ വര്‍ക്ക് ചെയ്യാന്‍ പോയാല്‍ (എല്ലാ സിനിമയും അങ്ങനല്ലാട്ടോ) വീട് പട്ടിണിയാവും എന്ന അവസ്ഥ വന്നപ്പോള്‍ തല്‍കാലം സീരിയലില്‍ തന്നെ നില്‍ക്കാം, സ്വന്തമായി സിനിമ ചെയ്യാം എന്ന തീരുമാനവുമായി അസോസിയേറ്റ് ഡയറക്ട്‌റും കൊ-ഡയറക്ട്ടരുമൊക്കെയായി ഇന്നും സീരിയലില്‍ സജീവമായി നില്‍ക്കുന്നു. അതില്‍ എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട്. ഇനി കാര്യത്തിലേക്ക് വരാം.

സീരിയല്‍ വര്‍ക്ക് ചെയ്യുന്നവരോട് പൊതുവെ സമൂഹത്തിനു ചെറിയ ഒരു പുച്ഛമുള്ളതായി തോന്നിയിട്ടുണ്ട് (എല്ലാവര്‍ക്കുമില്ല. ചിലര്‍ക്ക്) അതിന്റെ പ്രധാന കാരണം സിനിമയും സീരിയലും തമ്മിലുള്ള താരതമ്യമാണ്. വര്‍ത്തമാന കാലത്തില്‍ ആ താരതമ്യത്തിന് മൂര്‍ച്ച കൂടിയിട്ടുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം പണ്ടൊക്കെ ഒരു അന്യഭാഷ സിനിമ, അത് ഹോളിവുഡ് ആയാലും കൊറിയന്‍ ആയാലും ജപ്പാനീസ് ആയാലും ഏത് ഭാഷ ആയാലും ആ സിനിമ നമ്മളിലേക്കെത്താന്‍ ഒന്നുകില്‍ ഇംഗ്ലീഷ് ചാനലുകള്‍ ആയിരുന്നു ആശ്രയം. അന്ന് വീട്ടില്‍ ടിവി പോലുമില്ലാത്ത എന്നെ പോലുള്ളവര്‍ക്ക് HBO യിലും സ്റ്റാര്‍ മൂവിസിലും സിനിമ കാണുന്നതിന് ഒരു പരിധി ഉണ്ടായിരുന്നു.

പിന്നെ അപൂര്‍വ്വം സിനിമകള്‍ കിട്ടണമെങ്കില്‍ കോഴിക്കോട് ‘ലൈവ് ബാന്‍ഡും’ തിരുവനന്തപുരം ബീമാപ്പള്ളിക്കടുത്തുള്ള സിഡി കടയും മാത്രമായിരുന്നു ശരണം. കുറസോവയെയും കിം കി ഡക്ക് ഓക്കെ പരിചയപെടുന്നത് അവിടെ നിന്നാണ്. പിന്നെ ചലച്ചിത്ര മേളകള്‍ ആയിരുന്നു ആശ്വാസം. പക്ഷെ ഇന്ന് സാഹചര്യം മാറി. നമുക്ക് വേണ്ട സിനിമകള്‍ നമ്മുടെ സ്മാര്‍ട്ട് ഫോണില്‍ മിനിറ്റുകള്‍ക്കുള്ളില്‍ കിട്ടത്തക്ക രീതിയില്‍ ടെക്‌നോളജി വളര്‍ന്നു. അത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. ഇന്ന് ഐ സോ ദി ഡെവിള്‍, ഡോണ്ട് ബ്രീത്ത്, മണിഹീസ്റ്റും ഗോട്ടും പരിയേറും പെരുമാള്‍, കര്‍ണന്‍, ബിരിയാണി എല്ലാം വളരെ എളുപ്പത്തില്‍ സിനിമാ പ്രേമികളില്‍ എത്തുന്നുണ്ട്.

സിനിമയോടുള്ള ആളുകളുടെ കാഴ്ചപ്പാടുകള്‍ മാറുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബിരിയാണി എന്ന സജിന്‍ ബാബു സംവിധാനം ചെയ്ത മലയാള സിനിമ. പണ്ടായിരുന്നെങ്കില്‍ കപട സദാചാരം പറഞ്ഞ് (സെന്‍സര്‍ ബോര്‍ഡിനെ അല്ല ഉദ്ദേശിച്ചത് എന്ന് പറയാന്‍ പറഞ്ഞു) നെറ്റി ചുളിക്കുന്ന, എ സര്‍ട്ടിഫിക്കറ്റ് കൊടുത്ത് വ്യാഴാഴ്ച മാറ്റനി മാത്രം പ്രദര്‍ശിപ്പിക്കപെടുമായിരുന്ന സിനിമ. അതിലെ തീ മനസിലാക്കി ലോകസിനിമയുടെ പട്ടികയില്‍ ഇടം നേടിയത് നേരത്തെ പറഞ്ഞ സിനിമാ പ്രേമികളുടെ ആസ്വാദന നിലവാരം ഉയര്‍ന്നത് തന്നെയാണ് ഒരു കാരണം. അത്തരം സിനിമകള്‍ക്ക് ഒരു തുടക്കം കുറിച്ചതിനു സജിന്‍ ചേട്ടന് അഭിമാനിക്കാം.

‘ഇത്രയൊക്കെ സിനിമ മാറിയിട്ടും നിങ്ങടെ സീരിയലിന് ഒരു മാറ്റവുമില്ല’ ഇതാണ് പ്രശ്‌നം. കുറെ കണ്ണീരും അവിഹിതവും അമ്മായിഅമ്മ പോരും. ഇതല്ലേ നിങ്ങളുടെ സീരിയല്‍. അതിന്റെ മറുപടിയിലേക്ക് വരാം. സിനിമയിലും സീരിയലിലുമായി 25ല്‍ കൂടുതല്‍ സംവിധായകരുമായി വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാന്‍. അതില്‍ ഒരു സംവിധായകനോട് ഇതേ സംശയം ഞാന്‍ ചോദിച്ചു. സാര്‍ ഇവിടെ ലോകസിനിമയെ പ്രണയിക്കുന്നവരുടെ എണ്ണം കൂടുന്നു അവര്‍ക്കു ജോണി ഡെപ്പും, ഡികാപ്രിയോയും, മ ഡോങ് സുക്കും, ചോയ് മിന്‍ സിക്കുമെല്ലാം ഇപ്പൊ ലാലേട്ടനെയും മമ്മൂക്കയേയും പോലെ അടുത്തറിയാം. അവര്‍ അത്രയ്ക്ക് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു. നമുക്കും മാറണ്ടേ? ഈ കണ്ണീരും കിനാവും അമ്മായിയമ്മ പോരും മാറണ്ടേ? ഒരു വിപ്ലവത്തിനുള്ള സമയമായില്ലേ. ‘അതിന് അദ്ദേഹത്തിന്റെ മറുപടി…

ഒരു കാര്യവുമില്ല ശരത്തെ സീരിയല്‍ എന്ന് പറഞ്ഞാല്‍ ഇതാണ് പ്രത്യേകിച്ച് മെഗാ സീരിയല്‍. അത്തരത്തിലുള്ള പ്രേക്ഷകരാണ് ഇത് കാണുന്നത്. അവര്‍ക്കു കുറച്ച് അവിഹിതവും അമ്മായിയമ്മ പോരും പൈങ്കിളി കണ്ണീരും കാണാനാണ് ഇഷ്ടം. ആ കാറ്റഗറിയിലുള്ള ആളുകളാണ് സീരിയലിന്റെ പ്രേക്ഷകര്‍’. ഞാന്‍ തര്‍ക്കിച്ചു. പക്ഷെ സാറ് പറഞ്ഞതാണ് സത്യമെന്ന് കാലം തെളിയിച്ചു. വേറൊന്നുമല്ല ഇപ്പൊ ഞാന്‍ വര്‍ക്ക് ചെയ്യുന്നത് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന വര്‍ണ്ണപകിട്ട് എന്ന സീരിയല്‍ ആണ്. ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ എനിക്ക് ആത്മ സംതൃപ്തി നല്‍കിയ ഒരു വര്‍ക്ക് ആയിരുന്നു അത്. കാരണം വേറൊന്നുമല്ല അമ്മായിയമ്മ പോരില്ല, അവിഹിതം ഇല്ല, പൈങ്കിളി കണ്ണീരില്ല. മൊത്തത്തില്‍ ഒരു ന്യൂജന്‍ ട്രെന്‍ഡ് സെറ്റര്‍. പക്ഷേ എത്ര പേര്‍ക്കറിയാം അങ്ങനെ ഒരു സീരിയല്‍ മലയാളത്തില്‍ ഉള്ള കാര്യം. ഇല്ല പലര്‍ക്കുമറിയില്ല. അവര്‍ക്കെല്ലാം അറിയുന്നത് അവിഹിതവും പൈങ്കിളിയും നിറഞ്ഞ സീരിയലുകള്‍ ആണ് (ബാക്കിയുള്ള സീരിയലിനെ കുറ്റപ്പെടുത്തിയതല്ല) അതങ്ങനെയാണ് സീരിയലിന്റെ പ്രേക്ഷകരില്‍ ഭൂരിഭാഗവും എന്റെയും നിങ്ങളുടെയും അമ്മമാരും അമ്മൂമ്മമാരുമാണ്. അവര്‍ക്കു ഇത് മതിയെന്ന് അവര്‍ വാശിപിടിക്കുകയാണ്. അല്ലാതെ ആരും അവരെ അടിച്ചേല്‍പിക്കുകയല്ല. മാറ്റം വരുത്തിയാല്‍ അവര്‍ അത് സ്വീകരിക്കുന്നില്ല. അതാണ് സത്യം. അതുകൊണ്ട് സീരിയല്‍ എന്നും ഇങ്ങനെത്തന്നെ പോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇനി പ്രധാന കുറ്റപ്പെടുത്തല്‍. സിനിമയും സീരിയലും തമ്മിലുള്ള നിലവാരത്തിലെ താരതമ്യം. സുഹൃത്തേ ഇന്ന് മലയാള സീരിയല്‍ സംവിധാനം ചെയ്യുന്ന എല്ലാ സംവിധായകരും നന്നായി സിനിമ എടുക്കാന്‍ അറിയുന്നവരാണ്. എന്നിട്ടും എന്താ സീരിയല്‍ സിനിമയുടെ നിലവാരത്തില്‍ എടുക്കാത്തതെന്നുള്ള നിങ്ങളുടെ സംശയം അറിവില്ലായ്മ കൊണ്ടുള്ളതാണ്.

ഒരു സീരിയല്‍ ഷൂട്ടിംഗ് ലൊക്കേഷന്‍ സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാവും അവിടെ ഞങ്ങള്‍ക്ക് ഒരു ദിവസം 30 മിനിറ്റ് മുതല്‍ 40 മിനിറ്റ് വരെയെങ്കിലും ഷൂട്ട് ചെയ്യണം. ഒരു സിനിമയില്‍ അവറേജ് 1 മുതല്‍ 4 സീന്‍ വരെയാണ് ഷൂട്ട് ചെയ്യാറുള്ളത്. ഇവിടെ ഞങ്ങള്‍ 12 മുതല്‍ 23 സീന്‍ വരെയെങ്കിലും ഷൂട്ട് ചെയ്യണം എങ്കിലേ നിര്‍മാതാവിന് മുതലാവുകയുള്ളു. (ഇത് ചെയ്യുന്നത് സംവിധായകനും സാഹസംവിധായകനും ഒന്നോ രണ്ടോ സംവിധാന സഹായികളും ചേര്‍ന്നാണ്. സിനിമയില്‍ എന്തിനാണെന്ന് അവര്‍ക്കു പോലും അറിയാത്ത പന്ത്രണ്ടോ പതിമൂന്നോ പേരുണ്ടാവും ഇതൊക്കെ ചെയ്യാന്‍. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞതാണ്) ഒരു ദിവസം ആവറേജ് 30 മിനുറ്റ് സമയം വച്ച് ഷൂട്ട് ചെയ്താല്‍ 5 ദിവസം കൊണ്ട് 150 മിനുറ്റ്. 2.30 മണിക്കൂര്‍. അതായത് ഒരു മലയാള സിനിമയുടെ ദൈര്‍ഘ്യം.

ഒരു മലയാള സിനിമ ഷൂട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ദിവസങ്ങള്‍ എന്റെ അറിവില്‍ അവറേജ് 30 മുതല്‍ 45 ദിവസമാണ്. വെറും 5 ദിവസം കൊണ്ട് 2.30 മണിക്കൂര്‍ ഷൂട്ട് ചെയ്യേണ്ടി വരുന്ന ഒരു സീരിയല്‍ സംവിധായകന് 45 ദിവസം കിട്ടിയാല്‍ ആ പ്രൊഡക്റ്റിനു കിട്ടുന്ന ക്വാളിറ്റി എത്രയാണെന്ന് ഈ പുച്ഛിക്കുന്ന സഹോദരങ്ങളോട് ഞാന്‍ പറയാതെ തന്നെ മനസിലാക്കാനുള്ള ആള്‍താമസം തലയ്ക്കകത്ത് ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. പണ്ട് 5 ദിവസം കൊണ്ട് 150 മിനുറ്റ് ഷൂട്ട് ചെയ്തപ്പോള്‍ നിങ്ങള്‍ പുച്ഛിച്ച സീരിയല്‍ സംവിധായരുടെ ഹിറ്റ് സിനിമകള്‍ക്ക് ഇന്ന് നിങ്ങള്‍ കയ്യടിക്കുനുണ്ടെന്ന കാര്യം ഓര്‍ക്കണം. ഇവിടെ ഞങ്ങള്‍ക്ക് സമയമാണ് പ്രശ്‌നം കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ദൈര്‍ഘ്യം എടുക്കുക. അതാണ് സീരിയലിന്റെ ഒരു ലൈന്‍. അതിന് സിനിമയ്ക്ക് ലഭിക്കുന്ന സാമഗ്രികള്‍ ഇവിടെ ഇല്ലാതാനും.

ആകെ ഉള്ളത് ഒരു ട്രാക്ക് ആന്‍ഡ് ട്രോളി മാത്രമാണ്. അതില്‍ കിടന്നാണ് ഈ അഭ്യാസം മുഴുവന്‍. സിനിമയില്‍ മിനിമം റെഡ് എപിക് വച്ച് ഷൂട്ട് ചെയ്യുമ്പോള്‍ ഇവിടെ മാക്‌സിമം fs7 or f5 ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഇതുപോലെ പല പരിമിതികളുണ്ട്. അപ്പോ കിട്ടുന്ന ക്വാളിറ്റി വ്യത്യാസം ഞാന്‍ പറയേണ്ടതില്ലലോ. ആ പരിമിതികള്‍ക്ക് ഉള്ളില്‍ നിന്നും രാവിലെ 7:30ന് ആരംഭിക്കുന്ന ഷൂട്ട് രാത്രി 9:30 വരെ നീളും. ഷൂട്ട് കഴിഞ്ഞു രാത്രി റൂമിലെത്തി അടുത്ത ദിവസത്തെ ഷൂട്ടിന് വേണ്ടി തയ്യാറെടുക്കുന്നു. കഷ്ടപ്പാടാണ്. ആ കഷ്ടപ്പാട് എന്നെ സംബന്ധിച്ച് ശരിക്കും എന്‍ജോയി ചെയ്യുന്നുണ്ട്. അപ്പോഴെല്ലാം സ്വപ്നം സിനിമയാണ്. ഒരു കാര്യം ഉറപ്പാണ്. നിങ്ങള്‍ പുച്ഛിക്കുന്ന എന്നെ പോലുള്ള 100 കണക്കിന് ആളുകള്‍ സീരിയലില്‍ ജീവിക്കുന്നുണ്ട്. നാളെ അവരുടെ സിനിമയ്ക്കും നിങ്ങള്‍ കയ്യടിക്കും ഉറപ്പ്. സോ പുച്ഛിക്കുമ്പോള്‍ അതുകൂടിയൊന്ന് ഓര്‍ത്താല്‍ നന്ന്. സ്‌നേഹപൂര്‍വ്വം, ശരത് സത്യ

Most Popular