ആണധികാരത്തിന്റെ നിഴലിൽ ഒതുങ്ങി പോകുന്ന സ്ത്രീകളുടെ പ്രതിനിധിയായിരുന്നു ഫ്രീഡം അറ്റ് മിഡ്നൈറ്റിലെ ചന്ദ്ര. അനുപമ പരമേശ്വരൻ അവിസ്മരണീയമാക്കിയ കഥാപാത്രം വലിയ രീതിയിലുള്ള ചർച്ചകൾക്കും വഴിവച്ചു. ഇപ്പോഴിതാ ചിത്രം സംസാരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ശിൽപ നിരുവിൽപുഴ. മൂവി സ്ട്രീറ്റ് എന്ന സിനിമ സൗഹൃദ കൂട്ടായ്മയിലാണ് ശിൽപ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ചന്ദ്രയെ പോലെ ഇന്നാട്ടിലെ ഓരോ സ്ത്രീയും അർഹിക്കുന്നുണ്ട്, “സ്വാതന്ത്ര്യം”.
പെണ്ണായി തന്നെ ജനിച്ചു വീഴാനുള്ള സ്വാതന്ത്ര്യം.
ഓർമവക്കുന്ന കാലം തൊട്ടേ അച്ഛനുമമ്മയുമുൾപ്പെടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് കുത്തിവക്കുന്ന “അത് ചെയ്യരുത്” “ഇത് ചെയ്യരുത്” എന്ന വിലക്കുകളിൽ നിന്നുള്ള സ്വാതന്ത്ര്യം.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം.
അഭിപ്രായം പ്രകടിപ്പിക്കാനും ആശയവിനിമയം ചെയ്യാനും കഴിവ് പ്രദർശിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം.
രാത്രിയെന്നോ പകലെന്നോ വേർതിരിവില്ലാതെ പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം.
തനിക്ക് ചെയ്യാൻ കഴിയുന്ന ജോലി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം.
പൊതു ഇടങ്ങളിൽ സംഘടിക്കാനും ചേർന്നു നിൽക്കാനുമുള്ള സ്വാതന്ത്ര്യം.
ഇഷ്ടപ്പെട്ട മനുഷ്യനെ പ്രണയിക്കാനും ഒരുമിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം.
സിനിമയിൽ ചന്ദ്ര പറയും പോലെ സെക്ഷ്വൽ ഫ്രീഡം,”നോ” പറയാനുള്ള സ്വാതന്ത്ര്യം.
തുല്യ അവസരങ്ങളും അവകാശങ്ങളും നേടിയെടുക്കാനുള്ള സ്വാതന്ത്ര്യം.
“ഞാനൊരുപാട് വട്ടം പറഞ്ഞിട്ടുണ്ട്.ദാസ് അത് കേൾക്കാഞ്ഞിട്ടാണ്.”
ചുറ്റുമുള്ള സ്ത്രീകളോട് ഇടക്കൊക്കെ ഒന്ന് ചെവി കൊടുത്തു നോക്കാം.വർഷങ്ങളായി അനുഭവിക്കുന്ന നീതിനിഷേധങ്ങളെ കുറിച്ചൊരു സൂചനയെങ്കിലും കിട്ടാതിരിക്കില്ല.
“Men and women have equal respect in my team.”
ചുറ്റുമുള്ളവരെ പോലെ, ബഹിരാകാശത്തു പോയ കല്പന ചൗളയെ പോലെ,ഒളിമ്പിക്സിൽ മെഡൽ വാങ്ങിയ സൈന നെഹ്വാളിനെ പോലെ, സ്വന്തം ഭാര്യയും സ്വന്തം മകളും പെണ്ണാണെന്നും അവരും ബഹുമാനവും സ്നേഹവും അർഹിക്കുന്നുമുണ്ടെന്ന തിരിച്ചറിവ്, ഒരു മനുഷ്യനെന്ന നിലയിൽ ഏറ്റവും കുറഞ്ഞത് അതെങ്കിലും ഉണ്ടാവുന്നത് നല്ലതാണ്.
സ്വാതന്ത്ര്യം..!
സ്നേഹത്തെക്കാൾ മനോഹരമായ വാക്ക് അത് തന്നെയാണ്..
ചുരുങ്ങിയത് സ്ത്രീകൾക്കെങ്കിലും.!
_Shilpa Niravilpuzha