നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്ന് ജോമോൻ ടി. ജോൺ പറഞ്ഞു. മനോരമ ഓൺലൈന്‍ ജോമോൻ ഇക്കാര്യം വ്യക്തമാക്കിയത്.വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു.
2014–ലായിരുന്നു ജോമോന്റെയും ആൻ അഗസ്റ്റിന്റെയും വിവാഹം. മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരിൽ ഒരാളാണ് ജോമോൻ ടി. ജോൺ.ലാൽ ജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെയാണ് ആൻ അഗസ്റ്റിൻ ചലച്ചിത്ര രംഗത്തെത്തിയത്. ആനെറ്റ് അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. ഹൈസ്കൂൾ വരെ കോഴിക്കോട് പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂളിലും, തുടർന്ന് എസ്എസ്എൽസി തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. തൃശൂർ സേക്രട്ട് ഹേർട്ട് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ഹയർ സെക്കൻഡറി വിദ്യാഭ്യാസവും, 2007-ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും നേടി.2013ൽ പുറത്തിറങ്ങിയ ‘ആർട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. വിവാഹത്തിന് ശേഷം അഭിനയിച്ച നീന എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രമുഖ ഛായാഗ്രഹകനായ ജോമോൻ ടി.ജോൺ മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകൾക്കു ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ‘ചാപ്പാകുരിശ്’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി ജോൺ അരങ്ങേറ്റം കുറിച്ചത്.