ആദ്യചിത്രം-മതതീവ്രവാദികൾ ഭരണം പിടിച്ച അഫ്‌ഗാനിസ്ഥാനിൽ നിന്ന് പാലായനം ചെയ്യുന്ന മനുഷ്യർ. രണ്ടാം ചിത്രം – ചിത്രത്തിലെ പോലെ മുൻപ് പാലായനം ചെയ്യേണ്ടി വന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ഇപ്പോഴത്തെ ചിത്രം.അവരുടെ കഥ ഇതാ

Advertisement

ആദ്യചിത്രം – മതതീവ്രവാദികൾ ഭരണം പിടിച്ച അഫ്‌ഗാനിസ്ഥാനിൽ നിന്ന് പാലായനം ചെയ്യുന്ന മനുഷ്യർ. രണ്ടാം ചിത്രം – 22 വർഷം മുൻപ് അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചപ്പോൾ ആദ്യ ചിത്രത്തിലെ പോലെ പാലായനം ചെയ്യേണ്ടി വന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ഇപ്പോഴത്തെ ചിത്രം. അവളുടെ പേര് നാദിയ നദീം.

അവരുടെ കഥ ഇതാ ഇങ്ങനെ ആണ്..

മദ്ധ്യ അഫ്ഗാനിസ്താൻ മലകളിൽ നിന്ന് പുറപ്പെട്ട് കാരക്കും മരുഭൂമിയിലേക്ക് പ്രവഹിക്കുന്ന ഹരിറുദ് നദിയുടെ തീരത്താണ് ഹെറാത്ത്. അവിടെയാണ് നാദിയ നദീമിന്റെ ജനനം. ഉപ്പ റബ്ബാനി അഫ്‌ഗാനിസ്ഥാൻ ആർമിയിലെ ജനറൽ ആയിരുന്നു. വർഷം 2000 ത്തിൽ താലിബാൻ തീവ്രവാദികൾ അദ്ദേഹത്തെ വെടിവെച്ചുകൊന്നു.

ഉമ്മയും നാല് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിനൊപ്പം ഹെറാത്തിൽ ദുരിതം നിറഞ്ഞതായിരുന്നു പിന്നീടുള്ള നാദിയയുടെ ജീവിതം. എട്ടുവയസ് പൂർത്തിയായാൽ പെൺകുട്ടികൾ സ്കൂളിൽ പോകരുത്, സ്ത്രീകൾ ജോലിക്ക് പോകരുത്, പുറത്തേ ഇറങ്ങരുത്, ഏറ്റവും പ്രിയപ്പെട്ട പട്ടംപറത്തി കളിക്കാക്ക് പോലും താലിബാൻ നാദിയയെ പോലെയുള്ള പെൺകുട്ടികൾക്ക് അവസരം നിഷേധിച്ചു.
അങ്ങനെയാണ് ആ ആറ് പെണ്ണുങ്ങൾ അഭയാർത്ഥികളാവാൻ തീരുമാനിക്കുന്നത്.

കള്ളപാസ്പോർട്ടിൽ നടന്നും കപ്പൽ കയറിയും അവർ യാത്ര തുടർന്നു. പക്ഷെ, ലക്ഷ്യം വെച്ച ഇംഗ്ലണ്ടിന് പകരം അവരെ കപ്പൽ കൊണ്ടുപോയി തള്ളിയത് സന്തോഷത്തിന്റെ നാടായ ഡെന്മാർക്കിൽ. അതൊരു തുടക്കമായിരുന്നു.താലിബാനെ വെല്ലുവിളിച്ച് ഹെറാത്തിലെ വീട്ടുമുറ്റത്ത് ഫുട്ബാൾ കളിച്ചിരുന്ന സഹോദരിമാർ അഭയാർത്ഥി ക്യാമ്പുകളിൽ അതുതുടർന്നു, 2008 ൽ ഡാനിഷ് പൗരത്വം ലഭിച്ച നാദിയ തൊട്ടടുത്ത വർഷം തന്നെ ഡെന്മാർക്ക് ദേശീയ ടീമിൽ ഇടം നേടി.

ഇതിനകം 100 കളികളിൽ 40 ഗോളുകൾ. ക്ലബ് ഫുട്ബാളിലും നാദിയ പൊൻനേട്ടങ്ങൾ സ്വന്തമാക്കി. ചെറുകിട ക്ലബുകളിൽ കളി തുടങ്ങിയ നാദിയയെ സ്വന്തമാക്കാൻ പിന്നീട് യൂറോപ്പിലെ വൻകിട ടീമുകൾ പണം വാരി എറിഞ്ഞു. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി പത്താം നമ്പർ കുപ്പായം നൽകിയാണ് 2018 ൽ നാദിയയെ സ്വന്തമാക്കിയത്. പണ്ട് വഴിതെറ്റി ഇംഗ്ലണ്ട് നഷ്ടമായ ആ പഴയ അഭയാർത്ഥി കുട്ടി അങ്ങനെ ജേതാവായി തേംസ് നദിക്കരയിലെത്തി. പിന്നീട് ഫ്രഞ്ച് ക്ലബായ പി എസ് ജിയിൽ. അവരെ ഏറെ വർഷങ്ങൾക്കു ശേഷം ലീഗ് ജേതാക്കൾ ആക്കിയത് നാദിയയുടെ സ്കോറിങ് ബൂട്ടുകൾ.

പതിനൊന്നു ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന നാദിയ കളത്തിനു പുറത്തും മാതൃകയാണ്. വെടിയൊച്ചകൾ, ദീന രോദനങ്ങൾ, മുറിവുകൾ, മരണങ്ങൾ എല്ലാം കണ്ട് വളർന്ന നാദിയയുടെ ഒരു മോഹം ആയിരുന്നു ഡോക്ടർ ആവുക എന്നത്. അതവർ പൂർത്തിയാക്കുന്നു. കൂടാതെ സ്പോർട്സിനും ലിംഗ സമത്വത്തിനും നൽകിയ സംഭാവനകൾ മാനിച്ച് യുനെസ്കോ നാദിയയെ അവാർഡ് നൽകി ആദരിച്ചത് 2019 ലാണ്.

കഴിഞ്ഞ വർഷം ലോകത്തെ ഏറ്റവും കരുത്തരായ വനിതകളെ ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്തപ്പോൾ അതിൽ ഇരുപതാം സ്ഥാനത്ത് ഈ പഴയ അഭയാർത്ഥി കുട്ടി ആയിരുന്നു. കഴിഞ്ഞ മെയ് 26 ന് പുറത്തിറങ്ങിയ നാദിയയുടെ ആത്മകഥ ‘ മൈ ഹിസ്റ്ററി ‘ യൂറോപ്പിലെ ബെസ്റ്റ് സെല്ലർപട്ടികയിൽ ഇതിനോടകം കയറിക്കഴിഞ്ഞു. 34 കാരിയായ നാദിയ കളത്തിലും പുറത്തും ഇനിയും ഒരുപാട് സഞ്ചരിക്കാനിരിക്കുന്നു

കൊലയറകൾ ചെറുത്തുനിൽക്കും ഹൃദയങ്ങൾക്ക് മിടിച്ചുനിൽക്കാൻ നാദിയമാരുടെ കഥകൾ മതി.

Most Popular