ഷാരൂഖ് ഖാനും പ്രീതി സിന്റയ്‌ക്കുമൊപ്പം ദിൽസെയിലും മലയാളികളുടെ പ്രീയ താരം കർണ്ണൻ ഒപ്പം നരസിംഹത്തിലും വീഡിയോ കാണാം

Advertisement

ആനപ്രേമികളുടെ മനസ്സും ഹൃദയവും കീഴടക്കിയ ഗജരാജനാണ് മംഗലാംകുന്ന് കർണൻ. തലയെടുപ്പിന്റെ കാര്യത്തിൽ മംഗലാംകുന്ന് കർണൻ മറ്റ് കൊമ്പൻമാരേക്കാൾ ബഹുദൂരം മുൻപിലാണ്. കർണന്റെ വിടപറച്ചിൽ ആനപ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ വേദനയായി അവശേഷിക്കുമെന്നതിൽ തർക്കമില്ല. സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങൾ മംഗലാംകുന്ന് കർണൻ എത്രത്തോളം ജനപ്രീതിയുള്ള ആനയാണെന്ന് വ്യക്തമാക്കുന്നു.ഉത്സവപറമ്പുകളിൽ മാത്രമല്ല സിനിമകളിലും താരമാണ് കർണൻ. ‘നരസിംഹ’ത്തിൽ സാക്ഷാൽ മോഹൻലാലിനൊപ്പം കർണൻ അഭിനയിച്ചിട്ടുണ്ട്. ജയറാം ചിത്രം ‘കഥാനായകനി’ലും കർണനുണ്ട്.

അവിടം കൊണ്ട് മാത്രം ഒതുങ്ങുന്നതല്ല കർണ്ണന്റെ വിജയ ഗാഥ. മലയാളവും കടന്ന് അങ്ങ് ബോളിവുഡ് വരെ എത്തിയ മംഗലാംകുന്ന് കർണനെ ആനപ്രേമികൾ പെട്ടന്നൊന്നും മറക്കില്ല. മണിരത്‌നം സംവിധാനം ചെയ്ത ‘ദില്‍സെ’യിലും മംഗലാംകുന്ന് കര്‍ണന്റെ തലപ്പൊക്കം കാണാം. ‘ദിൽസെ’യിലെ സൂപ്പർഹിറ്റ് ഗാനം ‘ജിയ ജലേ’യിൽ കർണൻ പ്രത്യക്ഷപ്പെടുന്നത് ഷാരൂഖ് ഖാനും പ്രീതി സിന്റയ്‌ക്കുമൊപ്പമാണ്. കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും കര്‍ണന്‍ താരമായിട്ടുണ്ട്.തലപ്പൊക്കമാണ് മംഗലാംകുന്ന് കർണന്റെ ഏറ്റവും വലിയ സവിശേഷത. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് കർണന്റെ ഉയരം. കർണന്റെ ഉടൽനീളവും ഏറെ പ്രത്യേകതയുള്ളതാണ്. ഇഷ്‌ടക്കാർ ‘കർണാപ്പി’യെന്നാണ് കർണനെ വിളിക്കുക. ഇത് കൂടാതെ കലികാലകട്ടബൊമ്മൻ, മാതംഗ മാണിക്യം, പാലകാപ്യഗജപതി, ഗജകുലമാർത്താണ്ഡൻ തുടങ്ങി നിരവധി വിളിപ്പേരുകൾ വേറെയും.

മലയാളത്തിലെ പ്രീയ താരങ്ങളായ നടൻ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരെല്ലാം ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ കർണന് അന്ത്യാഞ്ജലി അർപ്പിച്ചു. തലപ്പൊക്കത്തോടെ നിൽക്കുന്ന കർണന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് ആരാധകർ കർണന് യാത്രാമൊഴി പറഞ്ഞിരിക്കുന്നത്. മംഗലാംകുന്ന് കർണന്റെ പേരിൽ ഫെയ്‌സ്‌ബുക്ക് പേജുണ്ട്.1991 ല്‍ വാരണാസിയില്‍നിന്നാണ് കര്‍ണന്‍ കേരളത്തിലെത്തുന്നത്. ആനപ്രേമി മനിശ്ശേരി ഹരിദാസിന്റേതായിരുന്നപ്പോൾ മനിശ്ശേരി കര്‍ണൻ എന്നായിരുന്നു പേര്. മംഗലാംകുന്ന് ആനത്തറവാട്ടിലെത്തി അഞ്ചുവര്‍ഷത്തിലേറെയായി.കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി ആറ്റാശ്ശേരി നാരായണനാണ് കർണന്റെ പാപ്പാന്‍. വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒൻപത് വർഷം വിജയിയായിരുന്നു കര്‍ണന്‍. ഇത്തിത്താനം ഗജമേളയിലും കര്‍ണന്‍ വിജയിയായിട്ടുണ്ട്.2019 മാർച്ചിലാണ് മംഗലാംകുന്ന് കർണൻ അവസാനമായി ഉത്സവത്തിൽ പങ്കെടുത്തത്. കോവിഡ് മൂലം എഴുന്നള്ളപ്പുകൾ കുറഞ്ഞതോടെ കർണന് നീണ്ട വിശ്രമം ലഭിച്ചു. വാർധക്യകാല രോഗങ്ങൾ അലട്ടിയിരുന്നു.57-ാം വയസ്സിലാണ് കർണന്റെ വേർപാട്. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് ആന ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വാളയാര്‍ വനത്തിലാണ് മലയാളികളുടെ പ്രീയപ്പെട്ട കർണൻ അന്ത്യവിശ്രമം കൊള്ളുന്നത്.

Most Popular